Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Friday, April 2, 2010

ഇ എം എസ്സും കാലികോകേന്ദ്രിതന്റെ നുണകളും

കേരളത്തിന്റെ അഭിവന്ദ്യനായ ഗുരു ഇ എം എസ് നമ്പൂതിരിപ്പാടിനെ പറ്റി നട്ടാല്‍ കുരുക്കാത്ത നുണകളുമായി കാലികോസെന്‍ട്രിക് എന്ന ഒരുത്തന്‍ കുറെ മാസങ്ങളായി തന്റെ ബ്ലോഗും തുറന്നുവെച്ച് ഇരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇ എംനെ പറ്റി പറയാന്‍ ബാദ്ധ്യത പെട്ടവര്‍ ആരും അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കാതെ ഇരിക്കുകയും ബുദ്ധിജീവി സാഹിത്യത്തിനും ഇന്റര്‍നെറ്റ് സാഹിത്യത്തിനും പിറകേ പോവുകയും ചെയ്യുന്ന കാലം ആയതുകൊണ്ട് ഇത്തരത്തില്‍ ഉള്ള നികൃഷ്ടവും ക്ഷുദ്രവും ആയ കുപ്പ ബ്ലോഗുകള്‍ ഇ എം ന്റെ അനന്യവ്യക്തിത്വത്തിനു നേരെ കൊഞ്ഞനം കുത്തി നില്ക്കുന്നു.

ഒന്നു പറഞ്ഞ് രണ്ടാമത് ഇ എം ന്റെ കൃതികളില്‍ നിന്ന് ഉദ്ധരണികള്‍ നിരത്തുക എന്നതാണ് ഈ നീര്‍ക്കോലിയുടെ രീതി. ഒരാളും ഈ ഉദ്ധരണികളെന്നു പറഞ്ഞു കൊടുക്കുന്ന വരികളുടെ സത്യാവസ്ഥ പരിശോധിക്കുന്നില്ല എന്ന് ഇക്കാലത്തിനിടെ ഈ കുബുദ്ധി മനസ്സിലാക്കി ഇരിക്കുന്നു. തദ്ഫലമായ് നുണകളും അവയ്ക്കു മീതെ നുണകളും ചൊരിഞ്ഞു വിജ്ഞാനപ്രദങ്ങളായ ചര്‍ച്ചകളെ മലിനപ്പെടുത്താന്‍ ഈ നീര്‍കോലിക്കു യാതൊരു മടിയും ഇല്ല.
വളരെ അടുത്ത ദിവസങ്ങളില്‍ ഇ എം ന്റെ ഒരു കൃതി വായിച്ചത് ഓര്‍മയില്‍ പച്ച പിടിച്ചു നില്‍ക്കുന്ന സമയമാണ് കാണാമറയത്ത് എന്ന ബ്ലോഗില്‍ സുനില്‍ കൃഷ്ണന്‍ കെ കെ എന്‍ കുറുപ്പുമായി അഭിമുഖം നടത്തി പ്രസിദ്ധീകരിച്ചതു വായിച്ചത്. നല്ല അഭിമുഖം. വിവിധങ്ങളായ വിഷയങ്ങളില്‍ ലളിതമായ ചോദ്യങ്ങളും ഗഹനമായ വിഷയങ്ങളും വരുന്നു. ഈ അഭിമുഖത്തിനു താഴെ അഭിപ്രായം രേഖപ്പെടുത്താനുള്ള സൌകര്യം (ദുരു)ഉപയോഗപ്പെടുത്തി കാലികോകേന്ദ്രിതന്‍ തട്ടിവിടുന്ന വിവരക്കേടുകള്‍, കല്ലുവച്ച നുണകള്‍ എന്നിവ പരിശോധിച്ചാല്‍ അറിയാം ഈ ഇ എം എസ് ഗവേഷകന്റെ സത്യസന്ധതയും വിജ്ഞാനവും എത്രത്തോളമുണ്ട് എന്ന്. അഭിപ്രായങ്ങള്‍ ഇവിടെ കാണാം.
1.
Calicocentric കാലിക്കോസെന്‍ട്രിക് said...

നമ്പൂതിരിമാര്‍ ഇവിടെത്തന്നെയുള്ളവരാണെന്നു പറയുമ്പോള്‍ ഇ എം എസ്സിനെ ഉദ്ധരിക്കാതെ ചരിത്രമെഴുതാനറിയാത്ത കുട്ടമത്ത് കുട്ട നാണു കുറുപ്പ് എന്ന കെ കെ എന്‍ കുറുപ്പ് തികഞ്ഞ ഇ എം എസ് വിരുദ്ധത പ്രദര്‍ശിപ്പിക്കുകയാണല്ലോ. പുറത്തുനിന്നു വന്ന ബ്രാഹ്മണരും നാടന്‍സംസ്കാരവും തമ്മിലുള്ള സംഘര്‍ഷവും (അതില്‍ ബ്രാഹ്മണര്‍ക്ക് മേല്‍ക്കയ്യ് ഉണ്ടായി) യോജിപ്പുമാണ് "കേരളം ഒരു വ്യത്യസ്തരാജ്യവും മലയാളികള്‍ ഒരു വ്യത്യസ്തജനസമുദായവു"മായിത്തീരാന്‍ കാരണം എന്നു പറഞ്ഞാണ് ഇ എം എസ് കേരളത്തിലെ മാര്‍ക്സിസ്റ്റ് ചരിത്രരചനയ്ക്ക് തുടക്കം കുറിച്ചത്. കേരളം മലയാളികളുടെ മാതൃഭൂമി എന്ന തന്റെ കെരന്തത്തെപ്പറ്റി ഇ എം എസ് നമ്പൂതിരിപ്പാടിന് വലിയ അഭിമാനവുമായിരുന്നു.

March 29, 2010 4:37 AM

2.Blogger Calicocentric കാലിക്കോസെന്‍ട്രിക് said...

തെക്കേ ഇന്ത്യയിലാകെ പുറത്തുനിന്നു വന്ന ബ്രാഹ്മണരുടെ സ്വാധീനശക്തി വര്‍ദ്ധിച്ചതിനെപ്പറ്റിയൊക്കെയാണ് ഇ എം എസ് പറഞ്ഞത്. ആത് ആര്യദ്രാവിഡ സംഘര്‍ഷമാണെന്നും സംശയത്തിനിടയില്ലാതെ പറഞ്ഞിട്ടുണ്ട്. സംശയമുണ്ടെങ്കില്‍ കുറുപ്പിനോടു ചോദിച്ചോളൂ. നാല്പതുകളുടെ അവസാനത്തില്‍ ഇ എം എസ് അതെഴുതുമ്പോള്‍ ആര്യദ്രാവിഡ പ്രശ്നത്തില്‍ ഇന്നത്തെ അറിവൊന്നും ഇല്ലായിരുന്നു എന്നു നമ്പൂതിരിപ്പാടിനെ ന്യായീകരിക്കാം.
പക്ഷേ ഞാന്‍ 1948(?)ല്‍ ഒരു പുസ്തകമെഴുതിയെന്നും അതിന്റെ കേമത്തം ഇങ്ങനെയിങ്ങനെയൊക്കെയാണെന്നും എക്കാലത്തും ആവര്‍ത്തിച്ചു ഇ എം എസ്. മാത്രവുമല്ല, അതില്‍ പറയത്തക്ക ഒരു മാറ്റവും വേണമെന്നു തനിക്കു തോന്നിയില്ലെന്നുകൂടി പറഞ്ഞു 1990-ല്‍ അദ്ദേഹം.

March 30, 2010 3:03 PM

ഇ എം എസ് കൃതികള്‍ മനപാഠമാക്കി ചൊല്ലുന്ന കാലികോകേന്ദ്രികന്‍ ഇവിടെ പറയുന്നതു കേട്ടാല്‍ ആരെങ്കിലും വിചാരിക്കുമോ ഇതെല്ലാം കള്ളത്തരമാണെന്ന്? വാസ്തവത്തില്‍ നമ്പൂതിരിമാരുടെ ആവിര്‍ഭാവത്തെപ്പറ്റി ഇ എം പറഞ്ഞത് എന്താണ്? വാസ്തവം ഇവിടെ പറയുകമാത്രം ചെയ്താല്‍ കാലികന്റെ നുണയുടെ ചീട്ട് കൊട്ടാരം തകര്‍നുവീഴുന്നത് കാണാം. ഇ എം നെ ഉദ്ധരിക്കുകയാണ് താഴെ.

കേരളചരിത്രത്തെ സംബന്ധിച്ച് ഞാന്‍ ചരിത്രഗ്രന്ഥം പഠിക്കാന്‍ തുടങ്ങിയ കാലത്ത് പരശുരാമന്‍ കടലില്‍നിന്ന് പൊക്കിയെടുത്തതാണ് കേരളം എന്നുള്ളതായിരുന്നു പ്രബലമായ ധാരണ. അതിന് ചില വ്യാഖ്യാനങ്ങള്‍ ചിലര്‍ നല്‍കിയിരുന്നു. പിന്നീടു വന്നത് ജാതിവ്യവസ്ഥയാണ്. വടക്കേ ഇന്ത്യയില്‍നിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു. അതേസമയത്ത് കേരളത്തിലെ മറ്റൊരു പ്രബല ജാതിയായ ഈഴവര്‍ സിലോണില്‍നിന്ന് (ഇപ്പോഴത്തെ ശ്രീലങ്ക) വന്നവരാണ്. ഇതെല്ലാം പുസ്തകത്തിലുണ്ടായിരുന്നതാണ്. ഞാനെന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥത്തില്‍ ഇതു രണ്ടും ചോദ്യം ചെയ്തു. ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്. വടക്കേ ഇന്ത്യയില്‍നിന്ന് പലരും വന്നിട്ടുണ്ടാവാം. സിലോണില്‍നിന്നും വന്നിട്ടുണ്ടാവാം. പക്ഷേ, ഇന്നുള്ള ജാതികളില്‍ ഒന്ന് മുഴുവന്‍ വടക്കേ ഇന്ത്യയില്‍നിന്നു വന്നവരാണ്, മറ്റൊന്ന് മുഴുവന്‍ ശ്രീലങ്കയില്‍നിന്നു വന്നവരാണ്......"

(ഇവിടം വരെ മാത്രമേ കാലികോകേന്ദ്രിതന്‍ വായിച്ചിട്ടുള്ളൂ എന്നാണ് തോന്നുന്നത്. അല്ലെങ്കില്‍ അദ്യത്തിന് ഇത്ര തരം താണ വിവരക്കേട് വിളിച്ച് പറയാന്‍ പറ്റുകയില്ലല്ലോ)

ഇ എം തുടരുന്നു...... "എന്നുള്ളത് അസംബന്ധമാണ്. ആര് എപ്പോള്‍ എവിടെനിന്നു വന്നു എന്നുള്ളതിനെപ്പറ്റി വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും ഏതാണ്ട് പെരുമാള്‍ ഭരണമായപ്പോഴേക്ക് ഒരു സാമൂഹ്യവ്യവസ്ഥ ഇവിടെ രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്ന് ഉറപ്പിച്ചുപറയാം.

ഇത്രയും വായിച്ചാല്‍ ഏതു സ്കൂള്‍ കുട്ടിക്കും അറിയാം ഇ എം പറയുന്നതിനര്‍ഥം നമ്പൂതിരിമാരെല്ലാം വടക്കേ ഇന്ത്യയില്‍നിന്നു വന്നവരാണെന്നല്ല. നേരേ മറിച്ച് ഒരു സമുദായം മുഴുവന്‍ മറ്റൊരിടത്ത് നിന്നു എന്ന സിദ്ധാന്തത്തെ ഇ എം എതിര്‍ക്കുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്.

എന്നാല്‍ കാലികോകേന്ദ്രിതന്‍ എന്ന അല്പജ്ഞന്‍ പറയുന്നതോ?

പുറത്തുനിന്നു വന്ന ബ്രാഹ്മണരും നാടന്‍സംസ്കാരവും തമ്മിലുള്ള സംഘര്‍ഷവും (അതില്‍ ബ്രാഹ്മണര്‍ക്ക് മേല്‍ക്കയ്യ് ഉണ്ടായി) യോജിപ്പുമാണ് "കേരളം ഒരു വ്യത്യസ്തരാജ്യവും മലയാളികള്‍ ഒരു വ്യത്യസ്തജനസമുദായവു"മായിത്തീരാന്‍ കാരണം എന്നു പറഞ്ഞാണ് ഇ എം എസ് കേരളത്തിലെ മാര്‍ക്സിസ്റ്റ് ചരിത്രരചനയ്ക്ക് തുടക്കം കുറിച്ചത്.

തെക്കേ ഇന്ത്യയിലാകെ പുറത്തുനിന്നു വന്ന ബ്രാഹ്മണരുടെ സ്വാധീനശക്തി വര്‍ദ്ധിച്ചതിനെപ്പറ്റിയൊക്കെയാണ് ഇ എം എസ് പറഞ്ഞത്.

ഇപ്പോള്‍ മനസ്സിലായല്ലോ കാലികന്‍ ഉളുപ്പില്ലാത്ത നുണയാണു പറയുന്നതെന്ന്. ഇതുപോലെയാണ് ഇ എം നെ പറ്റി ഇയാള്‍ പറയുന്ന എല്ലാ കാര്യങ്ങളും.

(വര്‍ഗ്ഗസമരം ഇന്ത്യാ ചരിത്രത്തില്‍ എന്ന ലേഖനത്തില്‍ നിന്നാണ് ഇ എം നെ ഉദ്ധരിക്കുന്നത്. 1994-ലേതാണ് ഈ കൃതി.)

സുഹൃത്തുക്കളേ, ഇ എം നെപ്പറ്റി ആരുന്നയിക്കുന്ന ദുരാരോപണങ്ങള്‍ക്കും മറുപടി ഇ എം തന്നെയാണ്. അത് അദ്ദേഹത്തിന്റെ ജീവിതമായിരുന്നാലും ശരി കൃതികളായിരുന്നാലും ശരി. നമ്മളൊക്കെ അവഗണിക്കുന്ന അദ്ദേഹത്തിന്റെ ജീവിതവും കൃതികളുമാണ് ഇന്നല്ലെങ്കില്‍ നാളെ നമുക്കു വഴികാട്ടിയാവാന്‍ പോവുന്നത്. ഇത് എത്രയും വേഗം തിരിച്ചറിയുന്നത് നമുക്ക് നല്ലത്. അത്രയേ എനിക്കു പറയാനുള്ളൂ.